Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

News

വാഴ്ത്തപ്പെട്ട ചാവറയച്ചന്‍

കുട്ടികള്‍ക്കുവേണ്ടി - 6


വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ 

പ്രിയ കുഞ്ഞുമക്കളേ,

ഈശോയുടെ തിരുപ്പിറവി എല്ലാവരും നന്നായി ഒരുങ്ങി വിശുദ്ധിയോടുകൂടി ആഘോഷിച്ചിട്ടുണ്ടാകുമല്ലോ. സമ്മാനങ്ങള്‍ കൈമാറിയും സ്‌നേഹം പങ്കുവച്ചും ഈശോയ്ക്ക് സുകൃതമഞ്ജരികള്‍ കാഴ്ചവെച്ചും അര്‍ത്ഥവത്തായി ക്രിസ്മസ് ആഘോഷിക്കുവാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹങ്ങള്‍ക്കും സന്തോഷത്തിനും കാരണമാകും എന്നുറപ്പാണ്. ക്രിസ്മസിന്റെ സന്തോഷം നിറഞ്ഞ ആഘോഷങ്ങള്‍ക്ക് തൊട്ടടുത്ത് തന്നെ പുത്തനാണ്ടിനെ വരവേല്‍ക്കുന്നതിനും നമുക്കു കഴിയുന്നു. എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍..

ഈശോയുടെ ജനനം കൊണ്ട് ധന്യമായ ഡിസംബറിന് ശേഷം ജനുവരി സമാഗതമാകുമ്പോള്‍ ജനുവരിയെ ധന്യമാക്കുന്ന മറ്റൊരു തിരുജനനത്തിന്‍റെ ഓര്‍മ്മ നമ്മള്‍ ആചരിക്കുകയാണ്. അത് ഒരാളുടെ ഭൗമീക ജനനം കൊണ്ടല്ല, മറിച്ച് സ്വര്‍ഗ്ഗത്തിലേക്ക് ജനിച്ചതിന്‍റെ അനുസ്മരണം കൊണ്ടാണ്. അതു മറ്റാരുമല്ല 1986 ഫെബ്രുവരി 8-ാം തീയതി ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നമ്മുടെ മദ്ധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയോടൊപ്പം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍. ജനുവരി 3-ാം തീയതിയാണ് വാഴ്ത്തപ്പെട്ട ചാവറ പിതാവ് സ്വര്‍ഗസമ്മാനത്തിനായി വിളിക്കപ്പെട്ടത്. തന്‍റെ ജീവിതം കൊണ്ട് ഭൂമിയില്‍ അനേകര്‍ക്ക് നന്മയും സുസ്ഥിതിയും കൈവരിക്കുന്നതിന് കഴിഞ്ഞ ചാവറ പിതാവിന്‍റെ തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹം കുട്ടികളോട് പുലര്‍ത്തിയിരുന്ന സവിശേഷമായ സ്‌നേഹവും ആ സ്‌നേഹത്തില്‍ നിന്ന് ഉത്ഭവിച്ച സദുപദേശങ്ങളും ശ്രദ്ധിക്കുന്നത് വിശുദ്ധിയില്‍ വളരാന്‍ ഏറെ സഹായകമാണ്.

1805 ഫെബ്രുവരി 10 ന് കൈനകരി ചാവറ കുടുംബത്തില്‍ ജനിച്ച ചാവറയച്ചന്‍ സമഗ്രവിമോചകനായ ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുചേര്‍ന്ന് ജീവിക്കാനുള്ള തന്‍റെ വിളിയുടെ അര്‍ത്ഥവും ആഴവും മനസ്സിലാക്കി വൈദികജീവിതം തിരഞ്ഞെടുത്തു. മാതാപിതാക്കളും ഏകസഹോദരനും മരണമടഞ്ഞപ്പോള്‍ കുടുംബം അന്യം നിന്നുപോകും എന്ന കാരണത്താല്‍ കൊച്ചു കുര്യാക്കോസിനെ നിര്‍ബന്ധിച്ചു സെമിനാരിയില്‍ നിന്നു തിരികെ വീട്ടില്‍ കൊണ്ടുവന്നു. കൊച്ചുകുര്യാക്കോസിന്‍റെ ഇളയപ്പന്‍മാര്‍ 'നിന്‍റെ ഓഹരി നീ എടുത്തുകൊള്ളുക' എന്നു പറഞ്ഞപ്പോള്‍, 'ദൈവമാണ് എന്‍റെ ഓഹരി' എന്നു പറഞ്ഞുകൊണ്ട് തന്‍റെ ജീവിതം ദൈവത്തിനുവേണ്ടി അദ്ദേഹം സ്വയം സമര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ ജീവിതം മുഴുവനും ഈ ദൈവസ്‌നേഹം നിറഞ്ഞുനിന്നു. ആരാധനാക്രമം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം തന്‍റെ ശ്രദ്ധ ചെലുത്തിക്കൊണ്ട് വലിയ മുന്നേറ്റങ്ങളിലൂടെ ഈ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. കേരള ക്രിസ്തീയസഭയ്ക്ക് നവജീവന്‍ നല്കുവാന്‍ ദൈവം അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയിലെ പ്രഥമ ഏതദ്ദേശിയ സന്ന്യാസസമൂഹങ്ങളായ സി.എം.ഐ., സി.എം.സി. എന്നിവ സ്ഥാപിച്ചു. 1861 മുതല്‍ കേരള സുറിയാനിസഭയുടെ വികാരിജനറാള്‍ എന്നനിലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. 1871 ജനുവരി 3-ാം തീയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

അജ്ഞതയുടെ അന്ധകാരമകറ്റി വിദ്യയുടെ ജ്ഞാനപ്രകാശം ലഭിച്ചാല്‍ മാത്രമേ എല്ലാവരും ദൈവത്തെയും മനുഷ്യരെയും അറിയുകയും സ്‌നേഹിക്കുകയും ചെയ്യുകയുള്ളൂ എന്നു തിരിച്ചറിഞ്ഞ ചാവറയച്ചന്‍ പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചുകൊണ്ട് ജാതിമതഭേദമന്യേ എല്ലാവര്‍ക്കുമായി വിദ്യയുടെ ജാലകം തുറന്നിട്ടു. 

ശിശുക്കള്‍ എന്‍റെ അടുക്കല്‍ വരാന്‍ അനുവദിക്കുവിന്‍, അവരെ തടയരുത് എന്നു പറഞ്ഞ് സ്‌നേഹവാത്സല്യങ്ങളോടെ ശിശുക്കളെ തന്‍റെ പ്രിയപ്പെട്ടവരായി ചേര്‍ത്തു നിര്‍ത്തിയ യേശുവിനെപ്പോലെ വാ.ചാവറയച്ചനും കുട്ടികളെ വിലപ്പെട്ടവരും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സമ്പത്തുമായിട്ടുമാണ് കണ്ടത്. ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച അദ്ദേഹത്തിന് കുട്ടികളെക്കുറിച്ചുള്ള തന്‍റെ ഹിതം ദൈവം വെളിപ്പെടുത്തിക്കൊടുത്തു. ഓരോ കുട്ടിയും ദൈവത്തില്‍ നിന്നുള്ളവനാകയാല്‍ അനന്തസാധ്യതകളുമുള്ളവനാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എല്ലായ്‌പ്പോഴും എവിടെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാന്‍ കുട്ടികളെ പഠിപ്പിച്ച ചാവറയച്ചന്‍ ഇന്നും കുഞ്ഞുങ്ങളോട് സംസാരിക്കുന്നുണ്ട്. അദ്ദേഹം കുട്ടികള്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ ശ്രദ്ധേയമാണ്.
 •  മക്കളെ, നിങ്ങള്‍ മാതാപിതാക്കന്‍മാരുടെ കൈകളിലെ ദൈവനിയോഗമാകുന്നു.
 •  ദൈവസ്‌നേഹവും ദൈവഭയമുള്ള മക്കള്‍ മാതാപിതാക്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
 • വളരുവാന്‍ ഭക്ഷണം എന്നതുപോലെ അറിവും വിശുദ്ധിയും ആത്മീയഭക്ഷണമാകണം.
 • കൃത്യമായി സ്‌കൂളില്‍ പോകുകയും പഠിപ്പിക്കുന്നവ ആഴ്ചതോറും ഓര്‍മ്മ പുതുക്കുകയും വേണം.
 • മടി സര്‍വ്വ ദുര്‍ഗുണങ്ങളേയും വളര്‍ത്തുന്നു.
 •  ദൈവസ്‌നേഹികളാകട്ടെ നിങ്ങളുടെ കൂട്ടുകാര്‍.
 •  ചീത്ത പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് വൈക്കോലില്‍ തീ ഒളിച്ചുവെയ്ക്കുന്നത് പോലെയാകുന്നു.
 •   മോശമായ സാഹചര്യങ്ങളില്‍പെട്ടാല്‍, മാലാഖമാരായ നിങ്ങളെ പിശാചുക്കളാക്കി മാറ്റും.
 •   പ്രായത്തിനടുത്ത വസ്ത്രധാരണവും ആത്മവിശുദ്ധിയും ഉള്ളവരാകണം.
 •  അമിതമായ വേഷാലങ്കാരം നിങ്ങളെ തിന്മയിലേക്ക് നയിക്കും.
 • വഞ്ചനകൊണ്ടും കളവുകൊണ്ടും സമ്പാദിച്ചവ മഞ്ഞുപോലെ വേഗം അലിഞ്ഞുപോകും.
 •   അന്യര്‍ക്കു നന്മചെയ്യാത്ത ദിവസം ആയുസ്സിന്‍റെ ദിനത്തില്‍ എണ്ണപ്പെടുകയില്ല.
 •   പാവപ്പെട്ടവരെ നിന്ദിക്കുകയോ ബുദ്ധിമുട്ടിക്കുകയോ അരുത്.
 •   സ്വന്തം സഹോദരങ്ങളെ വെറുക്കരുത്.
 • എളിയ ഭാവം കാണിക്കുന്നവനാണ് മനുഷ്യരില്‍ ഏറ്റവും ഉന്നതന്‍.
 •   നിങ്ങളെ ഓര്‍ത്ത് മാതാപിതാക്കള്‍ കണ്ണീര്‍വീഴ്ത്താന്‍ ഇടവരുത്തരുത്. അവരെ വേദനിപ്പിച്ചാല്‍ ഈ ലോകത്തില്‍ തന്നെ നിങ്ങള്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു പഠിപ്പിച്ച യേശു നാഥന്‍ ശിശുമനസ്സിന്‍റെ നൈര്‍മല്യവും വിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. മാമ്മോദീസായില്‍ ലഭിച്ച വരപ്രസാദം മരണം വരെയും നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് ആത്മധൈര്യത്തോടെ പറഞ്ഞ ചാവറ പിതാവ് ശിശുസഹജമായ നൈര്‍മല്യവും വിശുദ്ധിയും കാത്തുസൂക്ഷിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുകയാണ്. വാഴ്ത്തപ്പെട്ട ചാവറയച്ചന്‍റെ  ജീവിതവുംമാര്‍ഗനിര്‍ദ്ദേശങ്ങളും പ്രബോധനങ്ങളുമെല്ലാം ഇത്തരമൊരു വിശുദ്ധിയിലേക്ക് ഉള്ള വഴികാട്ടികളാണ്. ഇങ്ങനെയൊരു ജീവിതത്തിലേക്ക് ദൈവം നിങ്ങളെയും വിളിക്കുന്നുണ്ടാവും. കാതോര്‍ത്തിരുന്നാല്‍ ആ വിളി കേള്‍ക്കാം. 

ക്രിസ്മസ് ആഘോഷങ്ങളിലൂടെ കൈവരിച്ച വിശുദ്ധിയും ഈശോയോടുള്ള സ്‌നേഹവും കൂടുതല്‍ വളര്‍ത്തുന്നതിനും ഈശോയ്ക്കു പ്രിയങ്കരമായ ഒരു ജീവിതം നയിക്കുന്നതിനും മറ്റുള്ളവര്‍ക്ക് സ്‌നേഹവും സന്തോഷവും പകര്‍ന്നുകൊണ്ട് വാഴ്ത്തപ്പെട്ട ചാവറ പിതാവിനെപ്പോലെ അനേകര്‍ക്ക് അനുഗ്രഹമാകത്തക്കവിധം ജീവിതങ്ങളെ കരുപ്പിടിപ്പിക്കുവാന്‍ ഉള്ള തീരുമാനം ഈ പുതുവര്‍ഷത്തില്‍ എടുക്കുവാനും എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു, അതിനായി പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി പുതുവര്‍ഷാശംസകളും ചാവറ പിതാവിന്‍റെ തിരുന്നാളിന്‍റെ മംഗളങ്ങളും ആശംസിക്കുന്നു. പരീക്ഷകള്‍ അടുത്തുവരികയാണ് നന്നായി ഒരുങ്ങണം. സമയം ഒട്ടും നഷ്ടപ്പെടുത്തരുത്. എല്ലാവരും ഉന്നതമായ സ്ഥാനങ്ങളില്‍ എത്തിച്ചേരണമെന്നു ഞാനാഗ്രഹിക്കുന്നു. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.
ഈശോ നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ,

സ്‌നേഹപൂര്‍വ്വം,

നിങ്ങളുടെ വത്സലപിതാവ്,

മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
താമരശ്ശേരി രൂപതയുടെ മെത്രാന്‍