Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

News

5/02/2012 Sunday

ഫെബ്രുവരി 5
ദൈവത്തിന്റെ വലിയ സ്‌നേഹം
ഡോ. തോമസ്‌ കൊച്ചുകരോട്ട്‌

ദൈവത്തിന്‌ ലോകത്തോടുള്ള വലിയ സ്‌നേഹപ്രകടനത്തിന്റെ വിവരണമാണ്‌ ഇന്നത്തെ സുവിശേഷത്തിന്റെ കാതല്‍. എന്തെന്നാല്‍ തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു(3:16). ഇതാണ്‌ യോഹന്നാന്റെ സുവിശേഷത്തിന്റെ കാതല്‍ എന്നു പറയാം. സുവിശേഷങ്ങള്‍ നാലിന്റെയും, പുതിയനിയമത്തിന്റെയും, കാതല്‍ ഇതുതന്നെയാണ്‌. പൊതുവായി വിശുദ്ധഗ്രന്ഥം മുഴുവന്റെയും സംഗ്രഹവും ഇതുതന്നെയെന്നു പറയാനാവും. കാരണം യേശുവിലൂടെ നല്‍കപ്പെട്ട രക്ഷയുടെ ചരിത്രവും, യേശുവിന്റെ രക്ഷാകര രഹസ്യങ്ങളുടെ ആകെ തുകയുമാണ്‌ വി.ബൈബിള്‍. ഈ രഹസ്യമെന്നത്‌ യേശു രഹസ്യമാണ്‌. അത്‌ തന്റെ പുത്രനെ ലോകത്തിനു നല്‍കുവാന്‍ പിതാവായ ദൈവത്തെ പ്രേരിപ്പിച്ച മഹനീയ രഹസ്യമാണ്‌. അത്‌ പുത്രന്‍ തന്നെത്തന്നെ ലോകത്തിന്‌ പാപപ്പരിഹാരമായി, രക്ഷയായി നല്‍കിയ രഹസ്യമാണ്‌. അത്‌ യേശുവിന്റെ കുരിശിലെ ബലിയാണ്‌. അതുതന്നെയാണ്‌ മനുഷ്യപുത്രന്റെ ഉയര്‍ത്തപ്പെടലായി 15-ാം തിരുവചനത്തില്‍ പറഞ്ഞിരിക്കുന്നത്‌.
ദൈവം മനുഷ്യനോടുള്ള വലിയ സ്‌നേഹം തന്റേതന്നെ ജീവന്‍ നല്‍കിക്കൊണ്ട്‌ പ്രകടിപ്പിച്ചു. അതു വലിയ ത്യാഗമാണ്‌. കുരിശിലുയര്‍ത്തപ്പെടുക അല്ലെങ്കില്‍ കുരിശില്‍ മരിക്കുക എന്നത്‌ ഏറ്റവും വലിയ ത്യാഗമാണ്‌. ഈ കുരിശുമരണത്തെ അല്ലെങ്കില്‍ ഉയര്‍ത്തപ്പെടലിനെ പഴയനിയമത്തില്‍ മോശ മരുഭൂമിയില്‍ വച്ച്‌ (സംഖ്യ 21:4-9) സര്‍പ്പത്തെ ഉയര്‍ത്തിയതിനോട്‌ താരതമ്യപ്പെടുത്തുന്നു. തന്നില്‍ വിശ്വസിക്കുന്നവന്‌ നിത്യജീവന്‍ ഉണ്ടാകുവാനായി മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. കുരിശില്‍ ഉയര്‍ത്തപ്പെടുക എന്നാല്‍ കുരിശില്‍ മരിക്കുക എന്നാണ്‌ അര്‍ത്ഥമാക്കുക.
മരുഭൂമിയില്‍ സര്‍പ്പമല്ല ജീവന്‍ നല്‍കിയത്‌. മോശയോട്‌ അപ്രകാരം പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ച ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണ്‌ ജീവന്‍ നല്‍കുന്നത്‌. പിച്ചള സര്‍പ്പം ദൈവത്തിന്റെ പ്രതീകമാണ്‌. സര്‍പ്പത്തെ കാണുമ്പോള്‍ അവര്‍ ദൈവത്തെ ഓര്‍ത്തു. എപ്പോള്‍ അവര്‍ ദൈവത്തെ ഓര്‍ത്തുവോ അപ്പോഴാക്കെ അവര്‍ സുഖമാക്കപ്പെട്ടു, രക്ഷിക്കപ്പെട്ടു. ഇതുപോലെ യേശു കുരിശില്‍ ഉയര്‍ത്തപ്പെടുന്നു; എല്ലാവരും അവരുടെ ചിന്തകള്‍ യേശുവിന്റെ കുരിശിലേക്ക്‌ ഉയര്‍ത്തണം. യേശുവില്‍ വിശ്വസിക്കണം; അതിലൂടെ നിത്യജീവന്‍ നേടുവാന്‍ സാധിക്കും. 15-ാം വാക്യത്തില്‍ 'തന്നില്‍ വിശ്വസിക്കുന്ന'വനെക്കുറിച്ച്‌ പറയുമ്പോള്‍ 16-ാം തിരുവചനത്തില്‍ വിശ്വസിക്കുന്നവനെ സ്‌നേഹിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ച്‌ വളരെ ആഴത്തില്‍ വിശദീകരിക്കുന്നു. ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (യോഹ 3:16).
ദൈവം ലോകത്തെ സ്‌നേഹിച്ചു
ദൈവത്തിന്റെ സ്‌നേഹം, അഥവാ പുത്രന്റെ ലോകത്തിലേക്കുള്ള വരവ്‌ ലോകത്തിനു രക്ഷ പ്രദാനം ചെയ്യുവാനാണ്‌. യേശു ലോകത്തിലേക്ക്‌ വന്നത്‌ എല്ലാവരെയും രക്ഷിക്കുവാനാണ്‌. സര്‍പ്പത്തെ നോക്കിയ എല്ലാവരും രക്ഷിക്കപ്പെട്ടതുപോലെ, മനുഷ്യപുത്രനില്‍ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടുന്ന സമയം സമാഗതമായിരിക്കുന്നു. യേശുവിന്റെ വരവിലൂടെ സംഭവിച്ചിരിക്കുന്ന വലിയ വ്യത്യാസമാണിവിടെ കാണുവാന്‍ കഴിയുക. യേശുവിനെ വിശ്വാസത്തോടെ നോക്കുന്നവനും, വിശ്വസിക്കുന്നവനും രക്ഷിക്കപ്പെടുന്നു. അവന്‌ ശിക്ഷാവിധിയുണ്ടാവുകയില്ല. പുത്രനെ കാണുകയും, അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ്‌ എന്റെ പിതാവിന്റെ ഇഷ്‌ടം, അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയര്‍പ്പിക്കും(6:40). /യേശുവിലൂടെ സകലവും രക്ഷിക്കപ്പെടുന്നു. രക്ഷയുടെ അടയാളവും, കേന്ദ്രവും യേശുവാണ്‌.
പരിശുദ്ധ പിതാവ്‌ ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പ തന്റെ നസ്രത്തിലെ യേശു എന്ന പുസ്‌തകത്തില്‍ പറയുന്നതുപോലെ, യേശുവിന്റെ രക്ഷാകരദൗത്യത്തിലെ സാര്‍വ്വത്രിക ചക്രവാളം വി.യോഹന്നാന്റെ സുവിശേഷത്തിലെ രണ്ട്‌ പ്രധാന ഭാഗങ്ങളില്‍ കാണാം. ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു(3:16), ലോകത്തിന്റെ, ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം, എന്റെ ശരീരമാണ്‌ (6:51). എന്നാല്‍ യോഹന്നാന്‍ ലോകമെന്ന പദം രണ്ടര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും അവയ്‌ക്കു തമ്മില്‍ വ്യത്യാസമുണ്ടെന്നും നാം ഗ്രഹിക്കേണ്ടതുണ്ട്‌ (3:16; 17:9).
ലോകം എന്ന പദത്തിന്റെ ഒരര്‍ത്ഥം സാത്വികഗുണമുള്ള ദൈവിക സൃഷ്‌ടി മുഴുവനുമാണ്‌. നന്മയുള്ള മനുഷ്യരും നല്ലതായ എല്ലാ സൃഷ്‌ടി ജാലങ്ങളും ഉള്‍ക്കൊള്ളുന്ന ലോകം. ചരിത്രത്തിലൂടെ പരിണമിച്ച മാനുഷിക ലോകമെന്നാണ്‌ ഈ രണ്ടാമത്തെ അര്‍ത്ഥം. അഴിമതിയും നുണവഞ്ചനകളും അക്രമവും ഹിംസയും അതിന്റെ സഹജഗുണമായി തീര്‍ന്നിരിക്കുന്നു എന്നു സംശയിക്കത്തക്കവിധം മലീമസമായ ലോകം. മലീമസമായ ഈ ലോകം അപ്രത്യക്ഷമാകണം. അതു ദൈവത്തിന്റെ ലോകമായി രൂപാന്തരപ്പെടണം. അതാണ്‌ യേശുവിന്റെ ജീവിതദൗത്യം മനുഷ്യരെ അവരുടെ ലോകത്തില്‍ നിന്നും ഉയര്‍ത്തുക ദൈവത്തിന്റെ ലോകത്തിലേക്ക്‌ എത്തിക്കുക എന്ന ദൗത്യം. അങ്ങനെ ദൈവവുമായി ഒന്നായിച്ചേര്‍ന്ന്‌ അവന്റെ സ്‌നേഹസാന്നിധ്യത്തില്‍ മനുഷ്യന്‍ വീണ്ടും യഥാര്‍ത്ഥ മനുഷ്യനായി തീരും. എന്നാല്‍, ഈ രൂപാന്തരീകരണത്തിന്‌ ഒരു വലിയ വില കൊടുക്കണം. യേശുവിന്‌ കുരിശാണത്‌. ക്രിസ്‌തുവിന്റെ സാക്ഷികള്‍ക്കോ,രക്തസാക്ഷിത്വം വരിക്കാനുള്ള സന്നദ്ധതയാണ്‌ അതിന്റെ വില (നസ്രത്തിലെ യേശു 185 - 187).

രക്ഷയും ശിക്ഷയും
വിശ്വസിക്കുന്നവന്‌ രക്ഷനല്‍കുമ്പോള്‍, വിശ്വസിക്കാത്തവന്‌ ശിക്ഷയും നല്‍കുന്നു. ശിക്ഷാവിധി അവര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചതായിരുന്നു (3:19). തിന്മ ചെയ്യുന്ന വ്യക്തി എപ്പോഴും യേശുവിനെ വെറുക്കുന്നു. അവന്‍ എപ്പോഴും ദൈവത്തിനും ദൈവീക കാര്യങ്ങള്‍ക്കും എതിരാണ്‌. ഇങ്ങനെ ഉള്ള ചില ആളുകളെ നമുക്ക്‌ സമൂഹത്തില്‍ കാണാനാവും. ഇവര്‍ തിന്മയുടെ സാത്താന്റെ വക്താക്കളാണ്‌. അവര്‍ എപ്പോഴും തിന്മ ചെയ്യുന്നു. നന്മ ചിന്തിക്കാനോ ചെയ്യുവാനോ സാധ്യമല്ല. പ്രകാശമായ യേശുവിനെ എതിര്‍ക്കുകയും വെറുക്കുകയും ചെയ്യുന്നവരാണ്‌ തിന്മ പ്രവര്‍ത്തിക്കുന്നവര്‍.

വെളിച്ചവും അന്ധകാരവും
അവര്‍ അന്ധകാരത്തിലാണ്‌ എന്ന്‌ യോഹന്നാന്‍ പഠിപ്പിക്കുന്നു. തിന്മ ചെയ്യുന്നവന്‍ എപ്പോഴും അന്ധകാരത്തില്‍ മറഞ്ഞിരിക്കും. കളവ്‌ നടത്തുന്നവര്‍, വ്യഭാചാരം ചെയ്യുന്നവര്‍, അക്രമം നടത്തുന്നവര്‍ എല്ലാം എപ്പോഴും അന്ധകാരമുള്ളപ്പോഴാണഅ ചെയ്യുവാനാഗ്രഹിക്കുന്നത്‌. പ്രകാശം അവന്‌ പ്രതിബന്ധമാണ്‌. മോഷ്‌ടാവ്‌, മോഷ്‌ടിക്കാന്‍ കയറുന്നതിന്‌ മുമ്പ്‌ വീട്ടിലേക്കു പ്രകാശം നല്‍കുന്ന കറന്റിന്റെ ഫ്യൂസ്‌ ഊരിക്കളയുന്നു. കാരണം അവന്‍ അന്ധകാരത്തിലാണ്‌. അന്ധകാരത്തിലായിരിക്കാന്‍ ഇഷ്‌ടപ്പെടുന്നു. അവന്റെ ഉള്ളില്‍ പൂര്‍ണ്ണ അന്ധകാരം നിറഞ്ഞിരിക്കുന്നു. അന്ധകാരം പുറമെയും ആക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. അന്ധകാരത്തിന്റെ പ്രവര്‍ത്തി ചെയ്യുന്നവന്‍ തിന്മയിലാണ്‌. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന്‌ അവന്‍ വെളിച്ചത്തു വരുന്നുമില്ല (3:20). തിന്മയ്‌ക്കും അന്ധകാരത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. വി.യോഹന്നാന്‍ എഴുതുന്നു: ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അയാള്‍ പുറത്തേക്കു പോയി. അപ്പോള്‍ രാത്രിയായിരുന്നു (13:30). യൂദാസ്‌ പുറത്തേക്ക്‌ പോകുന്നു. അവന്‍ രാത്രിയുടെ ശൂന്യതയിലേക്കാണ്‌ പോകുന്നത്‌ അയാള്‍ വെളിച്ചമുപേക്ഷിച്ച്‌ തമസ്സിനെ ആശ്ലേഷിക്കുന്നു. അന്ധകാരത്തിന്റെ ശക്തി അവനെ വലയം ചെയ്യുന്നു. അന്ധകാരത്തിന്റെയും തിന്മയുടെ ശക്തിയുടെയും അടിമയായി അയാള്‍ പൂര്‍ണമായും മാറിക്കഴിഞ്ഞു(യോഹ 3:19 ; 22:53). (നസ്രത്തിലെ യേശു 142). അവന്‍ തിന്മ ചെയ്യാനായി അന്ധകാരത്തിലേക്ക്‌ പോയി. തിന്മയ്‌ക്കും അന്ധകാരത്തിനുമുള്ള ബന്ധം ഇവിടെ സ്‌പഷ്‌ടമാണ്‌.

സത്യവും വെളിച്ചവും
സത്യവും വെളിച്ചവും ബന്ധപ്പെട്ടിരിക്കുന്നു. സത്യം പ്രവര്‍ത്തിക്കുന്നവന്‍ എപ്പോഴും വെളിച്ചത്തിലും തുറവിയിലും ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നു (3:21). വെളിച്ചത്തില്‍ ജീവിക്കുന്നവന്‍ എപ്പോഴും സത്യം പ്രവര്‍ത്തിക്കുന്നു. സത്യവും, വെളിച്ചവും, നന്മയും, ജീവനും, സ്‌നേഹവും, ദൈവവും ഒരേ പാതയില്‍ നീങ്ങുന്നു. കാരണം ദൈവം സ്‌നേഹമാണ്‌, ദൈവം സത്യമാണ്‌, ദൈവം ജീവനാണ്‌, ദൈവം പ്രകാശമാണ്‌ (12:46; 1 യോഹ 1:5; യോഹ 4:8). യേശുവിലൂടെ നല്‍കപ്പെട്ടിരിക്കുന്ന ജീവനും, രക്ഷയും, സ്‌നേഹവും അനുഭവിച്ചുകൊണ്ട്‌ ജീവിക്കുവാന്‍ സാധിക്കട്ടെ. യേശു നല്‍കുന്ന നിത്യജീവന്‍ സ്വന്തമാക്കാന്‍ നമുക്ക്‌ സാധിക്കട്ടെ. കാരണം യേശു വന്നിരിക്കുന്നത്‌ നമുക്ക്‌ ജീവനുണ്ടാകുവാനും അത്‌ സമൃദ്ധമായി ഉണ്ടാകുവാനുമാണ്‌ (10:10).
ദൈവത്തിന്റെ വലിയ സ്‌നേഹത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍, എല്ലാത്തിന്റെയും തുടക്കം ദൈവത്തിലാണ്‌ എന്നു കാണുവാന്‍ സാധിക്കും. സത്യത്തില്‍ സ്‌നേഹം (രമൃശമേ െശി ്‌ലൃശമേലേ) എന്ന ചാക്രിക ലേഖനത്തില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ പറയുന്നതുപോലെ, എല്ലാറ്റിന്റേയും ഉത്ഭവം ദൈവത്തിന്റെ സ്‌നേഹത്തിലാണ്‌; എല്ലാം അതിനാല്‍ രൂപപ്പെട്ടു; എല്ലാം അതിലേയ്‌ക്കു നയിക്കപ്പെടുകയും ചെയ്യുന്നു (ചീ.2). ഇക്കാരണത്താല്‍ സഭയെ സംബന്ധിച്ചും, സഭാമക്കളെ സംബന്ധിച്ചിടത്തോളവും സ്‌നേഹമാണ്‌ സര്‍വ്വസ്വം.
സത്യം പ്രവര്‍ത്തിക്കുന്നവന്‍, വെളിച്ചത്തില്‍ ദൈവത്തോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു (3:21). ബനഡിക്‌ട്‌ പാപ്പാ പറയുന്നു, സത്യത്തില്‍ മാത്രമേ സ്‌നേഹം വെട്ടിത്തിളങ്ങുന്നുള്ളൂ. സത്യത്തില്‍ മാത്രമേ സ്‌നേഹം ആധികാരികമായി ജീവിക്കപ്പെടുന്നുള്ളൂ(ചീ.3). സത്യവും സ്‌നേഹവും ഐക്യപ്പെട്ടിരിക്കുന്നു. മനുഷ്യരാശിയെ സത്യത്തിലേക്കും സ്‌നേഹത്തിലേക്കും, ജീവനിലേക്കും നയിക്കുവാനാണ്‌ ദൈവം തന്റെ ഏകജാതനെ ലോകത്തിനു നല്‍കിയത്‌ (3:16). ദൈവമാണ്‌ മനുഷ്യനെ സ്‌നേഹത്തിലേക്ക്‌ പ്രേരിപ്പിക്കുന്നത്‌. എല്ലാ നന്മയുടേയും പിന്നില്‍ ദൈവസ്‌നേഹമാണ്‌. കൂടാതെ ദൈവത്തെക്കുറിച്ച്‌ പറയുമ്പോള്‍ ദൈവത്തിന്റെ അസ്‌തിത്വം തന്നെ സ്‌നേഹത്തിലാണ്‌. ത്രിയേക ദൈവത്തിന്റെ സ്‌നേഹം. കൂടാതെ ഇത്‌ ദൈവസ്‌നേഹത്തിന്റെ വിശാലത കാണിച്ചുതരുന്നു. ലോകത്തെ മുഴുവനായും ദൈവം സ്‌നേഹിക്കുന്നു. ഒരു ജനതയേയോ, ഒരു രാഷ്‌ട്രത്തേയോ മാത്രമല്ല സ്‌നേഹിക്കുക. സകലരേയും ദൈവം സ്‌നേഹിക്കുന്നു. ആരേയും ഒഴിവാക്കുന്നില്ല, ഒന്നിനേയും ഒഴിവാക്കുന്നില്ല. ആഗ്‌സ്‌തിനോസ്‌ പറയുന്നതുപോലെ, ദൈവം ഓരോരുത്തരേയും സ്‌നേഹിക്കുന്നത്‌ ആകെ ഒരാളെ മാത്രം ഈ ലോകത്തില്‍ ദൈവത്തിന്‌ സ്‌നേഹിക്കാനുള്ളൂ എന്ന രീതിയിലാണ്‌. ദൈവത്തിന്റേത്‌ പരിപൂര്‍ണ്ണ സ്‌നേഹമാണ്‌, അളവില്ലാത്ത സ്‌നേഹമാണ്‌.