Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

News

26/02/2012 Sunday

ഫെബ്രുവരി 26
വ്യാജന്മാരെ തിരിച്ചറിയുക
ഫാ. പാപ്ലാനി

ഇതു വ്യാജന്‍മാര്‍ അരങ്ങുവാഴുന്ന കാലമാണ്‌. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകളുമായി ചൈനീസ്‌ ഉത്‌പന്നങ്ങള്‍ വിപണി കീഴടക്കുന്നു. ഒറിജിനലും ഡ്യൂപ്ലിക്കേറ്റുകളും തമ്മിലുള്ള വ്യത്യാസം വിപണിയില്‍ നേര്‍ത്തുവരുന്നു. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും വ്യാജന്‍ അരങ്ങു പിടിച്ചെടുത്തുകഴിഞ്ഞു. വ്യാജ സിഡികള്‍ സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുന്നു. വ്യാജ ഡിഗ്രി മുതല്‍ വ്യാജ സര്‍വ്വകലാശാലകള്‍ വരെ വിദ്യാഭ്യാസരംഗത്തെ താറുമാറാക്കുന്നു. വ്യാജഭക്ഷ്യോത്‌പന്നങ്ങള്‍ മാരകരോഗങ്ങള്‍ക്കു കാരണമാകുമ്പോള്‍ വ്യാജമരുരുന്നുകള്‍ മരണം വിതയ്‌ക്കുന്നു. വ്യാജഡോക്‌ടര്‍മാര്‍ രോഗികളുടെ ജീവന്‍ പന്താടുന്നു. വ്യാജ പോലീസ്‌ നിയമം കയ്യിലെടുക്കുന്നു. അകവും പുറവും തമ്മിലുള്ള അന്തരമാണ്‌ വ്യാജത്വത്തിനു കാരണം. പുറമേ അവകാശപ്പെടുന്നതുമൊന്നും അകത്തു കാണിച്ചില്ല. വ്യാജം സത്യവിരുദ്ധമാണ്‌. സത്യത്തെ അരിസ്റ്റോട്ടില്‍ നിര്‍വ്വചിച്ചത്‌ "അകവും പുറവും തമ്മിലുള്ള പൊരുത്തം" എന്നാണ്‌. ഈ അര്‍ത്ഥത്തിലാണ്‌ ദൈവം സത്യമാണ്‌ എന്ന്‌ പറയുന്നത്‌.
എന്നാല്‍ ദൈവികമേഖലയിലാണ്‌ ഇന്ന്‌ വ്യാജന്‍മാര്‍ ഏറ്റവുമധികം രംഗപ്രവേശനം ചെയ്‌തിരിക്കുന്നത്‌. വ്യാജസിദ്ധന്‍മാരും വ്യാജപുരോഹിതരും ചേര്‍ന്ന്‌ വ്യാജദൈവങ്ങളെ അവതരിപ്പിക്കുകയും ആത്മീയമേഖലയെയാകെ ഏറ്റവും വലിയ വ്യാജമേഖലയാക്കുകയും ചെയ്‌തിരിക്കുന്നു.
വ്യാജന്മാരെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുമായാണ്‌ ഇന്നത്തെ സുവിശേഷം നമുക്കു മുന്നില്‍ എത്തുന്നത്‌. ഗിരിപ്രഭാഷണത്തിന്റെ സമാപന ഭാഗമാണ്‌ വിചിന്തന വിഷയം. അഷ്‌ഠഭാഗ്യങ്ങള്‍ പറഞ്ഞാണ്‌ ഗിരിപ്രഭാഷണം ആരംഭിച്ചതെങ്കില്‍ (5:1-11) ചില മുന്നറിയിപ്പുകളോടെയാണ്‌ ഈ പ്രഭാഷണം അവസാനിപ്പിക്കുന്നത്‌. ഈ അവസാനഭാഗത്ത്‌ ശ്രദ്ധാപൂര്‍വ്വം പഠിച്ചാല്‍ മൂന്ന്‌ ഉപമകള്‍ യേശു സമര്‍ത്ഥമായി ഉള്‍ച്ചേര്‍ത്തിരിക്കുന്നതു കാണാം.
രണ്ടു വഴികളുടെ ഉപമ (7:13-14) - ഇടുങ്ങിയതും വിശാലവും
രണ്ടു വൃക്ഷങ്ങളുടെ ഉപമ (7:15-23) - നല്ല വൃക്ഷവും ചീത്ത വൃക്ഷവും
രണ്ടു ഭവനങ്ങളുടെ ഉപമ (7:24-27) - ഉറപ്പുള്ള അടിത്തറയും ദുര്‍ബലമായ അടിത്തറയും
മൂന്ന്‌ ഉപമകളും നിര്‍ണ്ണായകമായ ചില തിരഞ്ഞെടുപ്പുകളെയാണു സൂചിപ്പിക്കുന്നത്‌. നിയമാവര്‍ത്തന ഗ്രന്ഥത്തിലെ മോശയിലൂടെയുള്ള ദൈവപ്രഭാഷണത്തെ (നിയ 11:26-27) ഓര്‍മ്മിപ്പിക്കുന്നതാണ്‌ ഈ മൂന്ന്‌ ഉപമകളും "ഞാനിതാ നിന്റെ മുന്നില്‍ ജീവനും മരണവും വച്ചിരിക്കുന്നു.." തുടര്‍ന്നു ജറെമിയ പ്രവാചകന്‍ ഈ വചനത്തിന്റെ ധാര്‍മ്മിക മാനം അവതരിപ്പിച്ചതോടെ (ജറെ 21:8-ഞാന്‍ നിന്റെ മുന്നില്‍ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും തുറക്കുന്നു) പില്‍ക്കാല യഹൂദ രചനകളില്‍ ഈ ശൈലി പ്രചുര പ്രചാരം നേടി ( കഝട 3:13-14.26; ഠ.അലെൃ 1.35;2 ഋിീ 30.5). ഈ പാരമ്പര്യ ശൈലിയാണ്‌ മത്താ 7:13-29ല്‍ അനുധാവനം ചെയ്‌തിരിക്കുന്നത്‌.

വ്യാജ പ്രവാചകന്മാര്‍
ഇടുങ്ങിയ കവാടത്തിലൂടെയുള്ള പ്രയാണം തടയുന്നവരെയാണ്‌ വ്യാജ പ്രവാചകന്മാരായി അവതരിപ്പിച്ചിരിക്കുന്നത്‌. തന്മൂലം സഹനത്തിനും കുരിശിനും എതിരായി പ്രബോധനം നടത്തുകയും ഭൗതിക സുഖസൗകര്യങ്ങളെ മാത്രം ലക്ഷ്യമാക്കി പ്രസംഗിക്കുകയും ചെയ്‌ത "അരാജകവാദികള്‍" എന്ന വിഭാഗം പാഷണ്‌ഡികളെയാണ്‌ മാത്തായി ശ്ലീഹാ ഇവിടെ വിവക്ഷിക്കുന്നത്‌ എന്ന്‌ അനുമാനിക്കാം. ആദിമ സഭയില്‍ ഏറെ പ്രതിസന്ധിയുണ്ടാക്കുകയും കുരിശിന്റേയും സഹനത്തിന്റേയും വഴികളെ പുച്ഛിക്കുകയും ചെയ്യുന്നവരായിരുന്നു ഇക്കൂട്ടര്‍. ഇവര്‍ക്കെതിരേയുള്ള മുന്നറിയിപ്പുകള്‍ പുതിയ നിയമത്തിലുടനീളമുണ്ട്‌ (മര്‍ക്കോ 13:21-23; 2 പത്രോ 2:22; 1 യോഹ 4:13). ഭീതി ജനിപ്പിക്കുന്നതും ഇവരുടെ ശൈലിയായിരുന്നു (മത്താ 24:4-5, 10-12, 23-28).
വ്യാജ പ്രവാചകരെ ഫലത്തില്‍ നിന്നു തിരിച്ചറിയാം എന്നതാണ്‌ ക്രിസ്‌തു നല്‍കുന്ന പാഠം. പാപം ബാഹ്യലക്ഷണങ്ങളില്‍ നിന്നല്ല ആന്തരികതയില്‍ നിന്നു പുറപ്പെടുന്ന ഫലവുമായി ബന്ധപ്പെട്ടതാണ്‌. ബാഹ്യമായവ ആന്തരികതയുടെ പ്രതിഫലനമാണ്‌ എന്ന ചൊല്ല്‌ ബൈബിളില്‍ ആവര്‍ത്തിക്കപ്പെടുന്ന ചൊല്ലാണ്‌ (സഭാ 27:6; യോഹ 15:2-17; ഗലാ 5:19-23; യാക്കോ 3:10 - 12).
ആത്മീയ രംഗത്തും നല്ല ഫലങ്ങളെയും ചീത്തഫലങ്ങളേയും കാണാം. സമ്പത്തിനുവേണ്ടി മാത്രം വചന ശുശ്രൂഷകള്‍ നടത്തുന്നവരുണ്ട്‌. രോഗശാന്തികള്‍ക്ക്‌ ഇനം തിരിച്ച്‌ ഫീസ്‌ ഈടാക്കുന്നവരുണ്ട്‌. ചിലരുണ്ടെങ്കില്‍ ശുശ്രൂഷയ്‌ക്കു വരില്ല എന്നു പറയുന്നവരുണ്ട്‌. ബാനറിലെ പേരു മങ്ങിപ്പോയതിനാലും പരിപാടി റദ്ദാക്കുന്നവരുണ്ട്‌. എന്നാല്‍ നല്ല ഒരു ശതമാനം ദൈവമഹത്വത്തിനായി അധ്വാനിക്കുന്നവരാണ്‌. തീര്‍ച്ചയായും ഫലത്തില്‍ നിന്നുമാത്രമേ വൃക്ഷത്തിന്റെ യഥാര്‍ത്ഥ സ്വഭാവം വേര്‍തിരിച്ചറിയാനാകൂ. സ്ഥാനമാനങ്ങളും സമ്പത്തും സ്വന്തം പേരും പ്രധാനമായി കരുതുന്നവര്‍ ആത്മീയ ശുശ്രൂഷകരുടെ രംഗത്തെ കള്ളനാണയങ്ങളും വിഷഫലങ്ങളുമാണ്‌. സഭാവിരുദ്ധ പ്രബോധനങ്ങള്‍ നല്‍കുന്ന സെക്‌റ്റേറിയന്‍ ഗ്രൂപ്പുകളും ആത്മീയ രംഗത്തെ വിഷഫലങ്ങള്‍ തന്നെ.
കുടുംബജീവിതത്തിലും ഫലത്തില്‍ നിന്നു വൃക്ഷത്തെ തിരിച്ചറിയേണ്ടതുണ്ട്‌. ജീവിത പങ്കാളിയോടുള്ള വിശ്വസ്‌തത വാക്കിലൊതുക്കുകയും ദാമ്പത്യവിശ്വസ്‌തതയെ കാറ്റില്‍ പറത്തുകയും ചെയ്യുന്ന എത്രയോ ദമ്പതികളുണ്ട്‌. എല്ലാ ദമ്പതിമാരും നല്ല ഫലങ്ങളല്ല. മക്കള്‍ക്കുവേണ്ടി കരളുരികി പ്രാര്‍ത്ഥിക്കുകയും സ്വയം ഉരുകി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ കുടുംബജീവിതത്തിലെ നല്ല ഫലങ്ങളാണ്‌. ചുരുക്കത്തില്‍ ഫലം എന്നതില്‍ നിന്ന്‌ ഒരുവന്റെ ആന്തരികതയെത്തന്നെയാണ്‌ ക്രിസ്‌തു വിവക്ഷിക്കുന്നത്‌ എന്ന്‌ വ്യക്തം. പുളിയന്‍മാവിനെ എത്ര നനച്ചാലും വളമിട്ടാലും അതില്‍ മധുരമാമ്പഴം വിരിയുമോ? ഫലം സ്വത്വവുമായി അഭേദ്യം ബന്ധപ്പെട്ടതാകയാല്‍ ആന്തരികമായ സ്വത്വ നവീകരണമാണാവശ്യം. അതാകട്ടെ ദൈവസ്‌പര്‍ശത്താല്‍ മാത്രം നടപ്പാകുന്ന അടിസ്ഥാന നവീകരണമാണുതാനും. "പുള്ളിപ്പുലിക്ക്‌ അതിന്റെ പുള്ളിയോ എത്യോപ്യാക്കാരന്‌ അവന്റെ നിറമോ മാറ്റാനാകുമോ? തിന്മ ചെയ്‌തു ശീലിച്ച എന്റെ ജനത്തിനു നന്മ ചെയ്യാനാകുമോ?" (ജെറ 23:23) എന്ന പ്രവാചക വചനം ദൈവസഹായത്താല്‍ മാത്രം സാധ്യമാകുന്ന ആന്തരികനവീകരണത്തെയാണ്‌ ഓര്‍മ്മപ്പെടുത്തുന്നത്‌.
പല വ്യാജപ്രവാചകന്മാരെയും (സ്‌പിരിറ്റി ഇന്‍ ജീസസ്‌, എംപറര്‍ എമ്മാനുവേല്‍, അപ്പര്‍ റൂം, ആത്മാഭിഷേക സഭ, സ്വര്‍ഗ്ഗീയവിരുന്ന്‌ തുടങ്ങിയവയെ) നേര്‍വഴിയിലേക്കും സത്യവിശ്വാസത്തിലേക്കും തിരികെ കൊണ്ടുവരാന്‍ ദൈവം വിചാരിച്ചാല്‍ മാത്രമേ സാധ്യമാകൂ എന്ന്‌ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.
ഭവനങ്ങളുടെ അടിത്തറ
7:24-27 ല്‍ ഭവനങ്ങളുടെ അടിത്തറയെ താരതമ്യം ചെയ്യുന്ന ഉപമയാണ്‌ ക്രിസ്‌തു അരുളി ചെയ്യുന്നത്‌. പാപം എന്നത്‌ കേവലം അജ്ഞതയാണെന്ന്‌ സോക്രട്ടീസും ഭാരതീയ മുനിമാരും പറഞ്ഞുവയ്‌ക്കുന്നുണ്ട്‌. എന്നാല്‍ കേവലം അജ്ഞതയ്‌ക്കും അപ്പുറം പാപം മനുഷ്യന്റെ ആന്തരികചോദനയുടെ ഭാഗമാണെന്ന ചിന്തയാണ്‌ ക്രിസ്‌തു അവതരിപ്പിക്കുന്നത്‌. മനുഷ്യന്‍ അടിസ്ഥാനപരമായി പാപിയും (7:11); എളുപ്പവഴിയെ നടക്കാന്‍ ആഗ്രഹിക്കുന്നവനും (7:13), ഉത്‌കണ്‌ഠാഭരിതനും (6:25-34), പ്രലോഭനങ്ങള്‍ക്കു വശംവദനാകുന്നവനുമാണ്‌ (6:13). തന്മൂലം മനുഷ്യന്റെ ആന്തരികതയുടെ ശാക്തീകരണം അവന്റെ ധാര്‍മ്മിക നിലപാടിനെ ശാക്തീകരിക്കും എന്നു ക്രിസ്‌തുവിനറിയാം.
പാറമേല്‍ ഭവനം പണിയുന്നതിനെക്കുറിച്ച്‌ ക്രിസ്‌തു നല്‍കുന്ന സൂചനയോടെയാണ്‌ ഗിരിപ്രഭാഷണം അവസാനിക്കുന്നത്‌. താല്‌ക്കാലിക നേട്ടങ്ങള്‍ക്കായി ആദര്‍ശങ്ങള്‍ ബലികൊടുത്ത വളഞ്ഞ വഴികളില്‍ ജീവിതം പടുത്തുയര്‍ത്താന്‍ വ്യഗ്രതപ്പെടുന്നവര്‍ക്കെതിരേയുള്ള ക്രിസ്‌തുഭാഷ്യമായി ഈ ഉപമയെ പ്രത്യക്ഷത്തില്‍ കരുതാം.
എന്നാല്‍, കൂടുതല്‍ ആഴമുള്ള അര്‍ത്ഥമാണ്‌ സുവിശേഷകന്‍ വിവക്ഷിക്കുന്നത്‌. "പാറമേല്‍ പണിയുന്ന ഭവനം" മത്തായിയുടെ സുവിശേഷമനുസരിച്ച്‌ സഭയാണ്‌ (മത്താ 16:16-18). പത്രോസാകുന്ന പാറമേല്‍ ക്രിസ്‌തു പണിത ഭവനമാണ്‌ ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വ്വത്രികവുമായ സഭ. ഈ ഭവനം മാത്രമേ പ്രതികൂല സാഹചര്യങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കുകയുള്ളൂ. മതമര്‍ദ്ദനത്തിന്റെ ചോരപ്പുഴകളെയും നിരീശ്വരവാദത്തിന്റെ കൊടുങ്കാറ്റിനെയും പാഷണ്‌ഡതകളുടെ ഭൂകമ്പത്തെയും അതിജീവിച്ച്‌ രണ്ടായിരം കൊല്ലമായി നിലകൊള്ളുന്ന യേശുവിന്റെ സഭയുടെ അടിത്തറ തീര്‍ച്ചയായും ബലവത്താണ്‌. സഭയുടെ ശത്രുക്കള്‍ തകര്‍ന്നടിയുന്നതിന്റെയും വിഘടിതക്രൈസ്‌തവവിഭാഗങ്ങള്‍ പിളര്‍ന്നില്ലാതാകുന്നിതിന്റെയും കാരണം അവ സ്വാര്‍ത്ഥ ലാഭങ്ങളുടെയും ധനമോഹങ്ങളുടെയും മണല്‍പ്പുറത്ത്‌ പണിയപ്പെട്ടു എന്നതാണ്‌.
മഴ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്‌ തുടങ്ങിയവ ദൈവവിധിയെയാണ്‌ സൂചിപ്പിക്കുന്നത്‌ (ഉല്‍പ 6:7; ഏശ 28:2). തന്മൂലം സഭയോടുള്ള വിശ്വസ്‌തതയാണ്‌ അന്ത്യവിധിയില്‍ ഒരുവന്‌ കൂട്ടാകുന്നത്‌ എന്ന അര്‍ത്ഥത്തില്‍ ഈ വചനം വ്യാഖ്യാനിക്കാം. യുഗാന്ത്യംവരെ അടിത്തറയുള്ള ഭവനവും ഇല്ലാത്ത ഭവനവും ഒരുപോലെ കാണപ്പെടും. ക്രിസ്‌ത്യാനിയായിരിക്കുന്നതും അല്ലാതിരിക്കുന്നതും തമ്മില്‍ ഇപ്പോള്‍ പ്രകടമായ വ്യത്യാസമൊന്നുമില്ല. എന്നാല്‍ യുഗാന്ത്യത്തില്‍ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം പ്രകടമാകും. വിശ്വാസി ജീവിക്കും അവിശ്വാസി വിധിയെ അതിജീവിക്കില്ല.